കോന്നി : തണ്ണിത്തോട് തേക്കുതോട് റോഡില്‍ അള്ളുങ്കല്‍ ഭാഗത്ത് കലുങ്ക് ഇടിഞ്ഞ് താഴ്ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. വർഷങ്ങളായി കലുങ്കിന്‍റെ വശങ്ങളിലെ കെട്ട് ഉള്‍പ്പെടെ ഇടിഞ്ഞ് താഴ്ന്നിട്ട്. എന്നാല്‍ ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ കലുങ്കിന്‍റെ അടിഭാഗം തകര്‍ച്ചയിലാണെന്നും ഇതിന് മുകളിലൂടെയാണ് ഭാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്ന് പോയിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കലുങ്കിന്‍റെ അടിഭാഗത്തെ സ്ലാബ് ഉള്‍പ്പെടെ ഇടിഞ്ഞ് താഴ്ന്ന ഈ ഭാഗത്ത് പി.ഡബ്ല്യു.ഡി അധികൃതര്‍ അപായ സൂചന നല്‍കിയിട്ടുമുണ്ട്. എന്നാല്‍ തേക്കുതോട്,കരിമാന്‍തോട് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ കടന്ന് പോകുന്ന റോഡില്‍ കലുങ്കിന്‍റെ ഒരു വശം ഇടിഞ്ഞ് താണത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ഇതേ റോഡില്‍ തന്നെ പലയിടങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിട്ടുള്ള കലുങ്കുകള്‍ പലതും അപകടാവസ്ഥയിലാണ്. പല സ്ഥലങ്ങളിലും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ഇപ്പോള്‍ കലുങ്ക് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് വീതി കുറവായതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ കുഴിയില്‍ വീഴുവാനുള്ള സാധ്യതയും ഏറെയാണ്. കലുങ്ക് പുനര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാണ്.