കൊച്ചി : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു. ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഫോണും ലാപ്‌ടോപ്പും നിലവിൽ ആരുടെ കൈവശമാണെന്ന് വ്യക്തമല്ല.
മൊബൈൽ ഫോണിൽ വ്യാജ തെളിവുകൾ തിരുകി കയറ്റാനുള്ള സാധ്യത കാണുന്നു. ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചതിൽ ദുരൂഹത ഉണ്ടെന്നും ചാനൽ ചർച്ചക്കിടെ ഫോണിലേക്ക് സന്ദേശം വന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ഐഷ സുൽത്താൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ കവരത്തി പോലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി ചോദ്യം ചെയ്തിരുന്നു. മുൻകൂട്ടി അറിയിക്കാതെ നോട്ടിസ് നൽകാതെയായിരുന്നു സംഘം കൊച്ചിയിലെത്തിയത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്.