ഡൽഹി: കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമന(ലാറ്ററൽ എൻട്രി)കാര്യത്തിൽ അവസാനനിമിഷം സർക്കാർ മലക്കംമറിഞ്ഞത് ജാതിസംവരണവിഷയമുയർത്തുന്ന രാഷ്ട്രീയപ്പൊള്ളൽ ഭയന്ന്. ജാതി സെൻസസ് വിഷയമുയർത്തി പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ വോട്ടുചോർച്ചയുടെ നടുക്കം മാറുംമുൻപേ സംവരണം ചർച്ചയാകുന്നത് വീണ്ടും തിരിച്ചടിയാകുമെന്നറിഞ്ഞ് സാമൂഹികനീതി പരിചയാക്കി തലയൂരുകയായിരുന്നു. പ്രതിപക്ഷത്തിനൊപ്പം സഖ്യകക്ഷികളും അണിനിരന്നപ്പോൾ ഗത്യന്തരമില്ലാതെ അടിയറവുപറഞ്ഞെന്നതാണ് യാഥാർഥ്യം. സഖ്യകക്ഷി ഭരണത്തിന്റെ സമ്മർദം ബി.ജെ.പി.ക്ക് പരീക്ഷണമുഖംതുറക്കുന്നുവെന്നതും വാസ്തവം.
ലാറ്ററൽ എൻട്രിക്കെതിരേ പ്രതിപക്ഷനേതാക്കൾ വിമർശനമുന്നയിച്ചെങ്കിലും ന്യായീകരിച്ചും കോൺഗ്രസ് ഭരണത്തെ കുറ്റപ്പെടുത്തിയും നിലയുറപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സംവരണവ്യവസ്ഥകൾ അട്ടിമറിക്കാനുള്ള നീക്കമാണെന്നും പാർശ്വവത്‌കരിക്കപ്പെട്ടവരെ സർക്കാർ നിയമനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. തൊട്ടുപിന്നാലെ ആർ.ജെ.ഡി., എസ്.പി., ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷപ്പാർട്ടികളും വിമർശനമുയർത്തി.