കൊച്ചി: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കടുത്ത എതിര്‍പ്പുമായി ലത്തീന്‍ കത്തോലിക്ക സഭ. തിരഞ്ഞെടുപ്പ് അടുത്തതോടെ സവര്‍ണ, വരേണ്യ വിഭാഗത്തിനുള്ള തിരഞ്ഞെടുപ്പ് കാല സമ്മാനമാണിതെന്നും കെസിബിസി ഇത് സ്വാഗതം ചെയ്യരുതെന്നും ലത്തീന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉയര്‍ത്തി നേതൃത്വം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടികാഴ്ച്ച നടത്തി. കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തോമസ് തറയില്‍, കെഎല്‍സിഎ നേതാക്കളായ അഡ്വ. ഷെറി തോമസ് , ജോസഫ് ജുഡ് എന്നിവരാണ് കൂടികാഴ്ച്ചയില്‍ പങ്കെടുത്തത്.
ലത്തീന്‍ കത്തോലിക്ക സഭ എതിര്‍പ്പുമായി രംഗത്തെത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കെസിബിസി. വിഷയത്തില്‍ ഒരു പൊതു നിലപാട് പ്രഖ്യാപിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. മുന്നാക്ക സംവരണത്തെ ആവേശത്തോടെ സ്വീകരിക്കുന്ന നിലപാടായിരുന്നു സീറോ-മലബാര്‍ സഭയുടേത്. സഭയുടെ രൂപതകളും മെത്രാന്മാരും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ലത്തീന്‍ കത്തോലിക്ക സഭയാകട്ടെ സംവരണത്തെ ശക്തമായി എതിര്‍ക്കുകയാണ്.
മലങ്കര കത്തോലിക്കാ സഭ, ലത്തീന്‍ സഭ, സീറോ-മലബാര്‍ സഭ എന്നീ സഭകളുടെ കൂട്ടായ്മയായ കെസിബിസി യുടെ ഇപ്പോഴത്തെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പു കൂടിയാണ്. ഈ വിഷയത്തില്‍ ലത്തീന്‍ സഭയുടെ കടുത്ത എതിര്‍പ്പും മലങ്കര സഭയുടെ നിലപാടില്ലായ്മയും കാരണം സീറോ മലബാര്‍ സഭയുടെ നിലപാട് പോലും പ്രഖ്യാപിക്കാനാകാത്ത അവസ്ഥയിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്‍പേ മുന്നാക്ക സംവരണ വിഷയത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമ്മതി നയം വ്യക്തമാക്കണമെന്ന് ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കെസിബിസി നേതൃത്വം.