കൊച്ചി: വഖഫ് നിയമ ഭേദഗതിയുടെ ഉദ്ദേശ്യത്തിൽ ആശങ്കയുയർത്തി ലത്തീൻ സഭയുടെ മുഖപത്രമായ ‘ജീവനാദം’. വഖഫ് ബില്ലുമായി ബന്ധപ്പെട്ട 655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെന്ന് ജീവനാദത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു. മുന്‍കാല പ്രാബല്യമില്ലാത്തതാണ് 2025ലെ വഖഫ് ഭേദഗതി നിയമം എന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രി റിജിജുവും ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് മുനമ്പം പ്രദേശം ഉള്‍പ്പെടുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ചര്‍ച്ചയ്ക്കിടെ എടുത്തുചോദിക്കുന്നുണ്ട്.
അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതായിരുന്നുവെന്നും ‘ഉമ്മീദിലെ നിയ്യത്ത്’ എന്ന എഡിറ്റോറിയലിൽ പറയുന്നു. മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്ലിം സാമുദായിക സംഘര്‍ഷ വിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.