തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ. ധാരണാപത്രം റദ്ദാക്കി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതേണ്ടെന്ന് ലത്തീന്‍ സഭ വ്യക്തമാക്കി.
ക്ലിഫ് ഹൗസില്‍ പോയി ചര്‍ച്ച നടത്തിയെന്നാണ് വിദേശ കമ്പിനിയായ ഇ.എം.സി.സിയുടെ സി.ഇ.ഒ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആരെ പറ്റിക്കാനെന്ന് സി.ബി.സി.ഐ സെക്രട്ടറി ഫാദര്‍ യൂജിന്‍ പെരേര ചോദിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബിസി)യും രംഗത്തു വന്നിരുന്നു. ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. ധാരണാപത്രം പിന്‍വലിക്കാന്‍ എടുത്ത നടപടി ആശ്വാസകരമെന്നും കെ.സി.ബി.സി വ്യക്തമാക്കി.
വിദേശ കമ്പിനി ഭാവിയിലും നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധ്യതയുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ.സി.ബി.സി വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.