ലാവ അത്ര വമ്പൻ കമ്പനിയൊന്നുമല്ലെങ്കിലും വമ്പന്മാരെ ഞെട്ടിച്ച ചരിത്രമുള്ള കമ്പനിയാണ്. അധികം വൈകാതെ ലാവ ഇന്ത്യൻ വിപണിയിൽ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കും. അതും ബജറ്റ് വിലയിൽ. സ്റ്റോം 5ജി എന്നാണ് ലാവ അവതരിപ്പിക്കുന്ന ഈ ഫോണിന്റെ പേര്. ഇത് ഒരു 5ജി സ്മാർട്ട്ഫോൺ ആണ്. നിരവധി കമ്പനികൾ ഇപ്പോൾ പല വിലകളിൽ 5ജി ഫോണുകൾ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി മാത്രം എന്ന് ഇതിനെ നിസാരമായി കാണാനാകില്ല. ബജറ്റ് വിലയിൽ ആണ് കമ്പനി ഈ 5ജി ഫോൺ പുറത്തിറക്കുക. അടുത്തിടെയായി ചൈനീസ് ബ്രാൻഡുകൾ 15000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ കൂടുതലായി പുറത്തിറക്കുന്നുണ്ട്. ഈ ഫോണിന്റെ ലോഞ്ച് സംബന്ധിച്ച കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല എങ്കിലും വരുന്നത് കുറച്ച് വലിയ സംഭവം ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൊടുങ്കാറ്റ് എന്ന് വേണമെങ്കിൽ ഈ വരാൻ പോകുന്ന ഫോണിനെ വിശേഷിപ്പിക്കാം. അധികം വൈകാതെ ലാവ സ്റ്റോം 5ജി ലോഞ്ച് ചെയ്യുമെന്ന് കമ്പനി ട്വിറ്ററിൽ വ്യക്തമാക്കി.
വരാൻ പോകുന്ന ഫോണിന്റെ രൂപത്തെക്കുറിച്ചുള്ള ചില സൂചനകളും ലാവ നൽകുന്നു. ലാവ സ്റ്റോമിന്റെ റിയർ പാനലിൽ രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റുകൾ ലംബമായി ക്രമീകരിച്ചിരിക്കുന്നു എന്ന് ചിത്രങ്ങൾ സൂചന നൽകുന്നു. ക്യാമറ യൂണിറ്റിനൊപ്പം ഒരു ചെറിയ വൃത്താകൃതിയിലുള്ള LED യൂണിറ്റും കാണാം. ഫോണിന്റെ ഔട്ട്‌ലൈനിൽ, വോളിയം റോക്കറുകളും പവർ ബട്ടണും ഹാൻഡ്‌സെറ്റിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നത് കാണാം. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഈ ചൈനീസ് ഫോണുകൾക്ക് വെല്ലുവിളി ഉയർത്താൻ ലാവ സ്റ്റോം 5ജിക്ക് കഴിയും എന്നാണ് കരുതപ്പെടുന്നത്. ഏതാനും നാൾ മുൻപ് ബജറ്റ് വിലയിൽ ലാവ പുറത്തിറക്കിയ ലാവ ബ്ലേസ് 2 5ജി ( Lava Blaze 2 5G ) ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലാവ ബ്ലേസ് 2 5ജിയുടെ അടിസ്ഥാന വേരിയന്റായ 4 ജിബി+ 128 ജിബി ഓപ്ഷന് 9,299 രൂപയാണ് വില. അതേപോലെ 6 ജിബി+ 128 ജിബി വേരിയന്റ് 10,999 രൂപയ്ക്കും 8 ജിബി+ 128 ജിബി വേരിയന്റ് 11,099 രൂപയ്ക്കും ലഭ്യമാകുന്നു. ഈ 5ജി ഫോണിനെക്കാൾ നവീകരിച്ച ഫീച്ചറുകൾ സ്റ്റോം 5ജിയിലുണ്ടാകും.