തിരുവനന്തപുരം : ലോ അക്കാദമിയില്‍ തീകൊളുത്തി മരിച്ച അധ്യാപകന്‍ എസ്.സുനില്‍കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അതോടൊപ്പം തന്നെ മരണകാരണം കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കി. ആത്മഹത്യയെന്ന് കരുതുമ്പോഴും അതിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുന്‍പ് കോളജില്‍ നടന്ന ഓണാഘോഷത്തിലടക്കം സജീവമായി സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. മരണത്തിന് അരമണിക്കൂര്‍ മുന്‍പ് വരെ വിദ്യാര്‍ഥികളോടും സംസാരിച്ചിരുന്നതാണ്.
അതിനാല്‍ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും മൊഴിയെടുത്ത ശേഷം നിഗമനത്തിലെത്താനാണ് പോലീസ് തീരുമാനം. അതേസമയം സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. മൃതദേഹത്തിനൊപ്പമുണ്ടോയെന്ന് ഇന്ന് ഡോക്ടര്‍മാരോട് ചോദിച്ചറിയും. അക്കാദമി വളപ്പിലെ ഗ്രൗണ്ടില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ശരീരത്തില്‍ തീപടര്‍ന്ന നിലയില്‍ തൊഴിലാളികളാണ് ആദ്യം കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയും വി.കെ സുരേഷ്‌കുമാര്‍ ഡോ.വിജയമ്മ ദമ്പതികളുടെ മകനുമാണ്. അധ്യാപകന്റെ മരണം ആത്മഹത്യയാണെന്നു വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.