ലക്നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “നല്ല ഭരണത്തിന്റെ അടിസ്ഥാനമാണ് നിയമവാഴ്ച. ക്രമസമാധാന രംഗത്തെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. നിരന്തര നിരീക്ഷണത്തിലൂടെയും സാങ്കേതിക മികവിലൂടെയും സുതാര്യത, ആധുനികവത്കരണം, പരിഷ്കരണം എന്നിവയിലൂടെയും ഉത്തർപ്രദേശിലെ ക്രമസമാധാനം ഇപ്പോൾ രാജ്യത്തിന് തന്നെ മാതൃകയാണ് ” യോഗി ആദിത്യനാനാഥ് പറഞ്ഞു.
അതേസമയം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കൊള്ളകളുടെ എണ്ണത്തിൽ 84.41 ശതമാനത്തിന്റെയും മോഷണത്തിന്റെ എണ്ണത്തിൽ 77.43 ശതമാനത്തിന്റെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ 41.01 ശതമാനത്തിന്റെയും കുറവുണ്ടായി. കലാപങ്ങൾ 66.04 ശതമാനം കുറഞ്ഞു. മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായെന്ന് യോഗി പറഞ്ഞു. കുംഭമേളയിലെ ഫലപ്രദമായ ക്രമസമാധാന പാലനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരുടെ പ്രശംസ പിടിച്ചുപറ്റിയെന്നും യോഗി പറഞ്ഞു.