തിരുവനന്തപുരം : ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പട്ടാപകൽ കൊള്ളയടിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില പൂർണമായും തകർന്നതിൻ്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കത്തി കാണിച്ച് 15 ലക്ഷം രൂപ കവരാൻ അക്രമിക്ക് സാധിച്ചത് കേരള പോലീസിൻ്റെ പരാജയമാണ്. ആഭ്യന്തരവകുപ്പിൻ്റെ തലപ്പത്ത് നിന്നും പിണറായി വിജയൻ സ്വയം മാറി നിൽക്കുന്നതാണ് നല്ലത്. ഒരാഴ്ചയ്ക്കുള്ളിൽ അര ഡസൻ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കാടൻ റാഗിംഗ് ആക്രമണങ്ങൾ വേറെ. കോട്ടയം നഴ്സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് തീവ്രവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു. പ്രതികളായ ക്രിമിനലുകൾ ഇടത് വിദ്യർത്ഥി സംഘടനകളുടെ നേതാക്കളായതിനാൽ പോലീസ് സംരക്ഷണം കൊടുക്കുകയാണ്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ കൊലപ്പെടുത്തിയ സംഘടനയുടെ പ്രവർത്തകർ തന്നെയാണ് കോട്ടയത്തും മനുഷ്യത്വവിരുദ്ധമായ റാഗിംഗ് നടത്തിയത്. കൊട്ടേഷൻ സംഘങ്ങളും ലഹരി മാഫിയകളും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. പരസ്യമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും കേരളത്തിൽ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ലഹരിമാഫിയകൾക്കെതിരെ സർക്കാരും പോലീസും കാണിക്കുന്ന മൃദുസമീപനമാണ് കേരളം ലഹരിയുടെ പിടിയിലമരാൻ കാരണം. ബാങ്കുകൾ വരെ പരസ്യമായി കൊള്ളയടിക്കുന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചത് പിണറായി വിജയൻ്റെ ഭരണമികവാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.