തിരുവനന്തപുരം : സിപിഎം സ്ഥാനാർഥിപട്ടിക അന്തിമരൂപത്തിലേക്ക്. മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നൽകേണ്ടതില്ലെന്നു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രണ്ടു തവണയിലധികം തുടർച്ചയായി മത്സരിച്ചതിനാലാണ് ഇരുവരെയും ഒഴിവാക്കുന്നത്. ആലപ്പുഴയിൽ പി.പി. ചിത്തരഞ്ചനും അമ്പലപ്പുഴയിൽ എച്ച്. സലാമും മത്സരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 3 പേർക്ക് ഇളവ് ലഭിക്കും. വി.എൻ. വാസവൻ ഏറ്റുമാനൂരും കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിലും എം.ബി. രാജേഷ് തൃത്താലയിലും മത്സരിക്കും. പി.ജയരാജനും ഇളവു നൽകിയില്ല. രണ്ടു തവണ മത്സരിച്ച എ.പ്രദീപ് കുമാർ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മത്സരിക്കില്ല. കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിനു പകരം തോട്ടത്തിൽ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്.
അഴീക്കോട് കെ.വി. സുമേഷ് മത്സരിക്കും. തരൂരിൽ എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെയാണ് പരിഗണിക്കുന്നത്. അരുവിക്കരയിൽ ജി. സ്റ്റീഫൻ സ്ഥാനാർഥിയാകും. വി.കെ. മധുവിന്റെ പേരാണ് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നത്. കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് സ്റ്റീഫൻ. റാന്നി കേരള കോൺഗ്രസിനു നൽകും. അരൂരിൽ ഗായിക ദലീമയെ മത്സരിപ്പിക്കാനും തീരുമാനിച്ചു.