ചെങ്ങന്നൂർ : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സമീപനം ഭരണഘടനാവിരുദ്ധവും ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വറുഗീസ് ജോർജ് പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരേ എൽഡിഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി മുഖ്യ തപാൽ ഓഫീസിനുമുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ – ചൂരൽമല ദുരിതാശ്വാസത്തിന് രണ്ടായിരംകോടി രൂപയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും ബജറ്റിൽ ഒരുരൂപപോലും നീക്കിവെച്ചിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തത്തിൽ ഉൾപ്പെടുത്താൻ അഞ്ചുമാസമാണ് വൈകിയത്.
വിഴിഞ്ഞം പദ്ധതിക്കായി 5,000 കോടിയുടെ ആവശ്യം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചെങ്കിലും ഒന്നും നൽകിയിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായുള്ള സാമ്പത്തിക ബന്ധം പുനർനിർണയിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു. എൽഡിഎഫ് മണ്ഡലം കൺവീനർ ആർ. സന്ദീപ് അധ്യക്ഷനായി. എം.എച്ച്. റഷീദ്, എം. ശശികുമാർ, പി.എൻ. ശെൽവരാജൻ, ആർ. രാജേഷ്. പുഷ്പലതാമധു, ജയിംസ് ശാമുവേൽ, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേൽ, ജി. ഹരികുമാർ, ടി.കെ. ഇന്ദ്രജിത്ത്, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ടിറ്റി എം. വർഗീസ്, ആർ. പ്രസന്നൻ, അജിത് ആയിക്കാട്, രാജു താമരവേലിൽ എന്നിവർ പ്രസംഗിച്ചു.