പന്തളം : പന്തളം നഗരസഭയില്‍ വെള്ളിയാഴ്ച പാസാക്കിയ അജണ്ടയില്‍ എല്‍.ഡി.എഫ് കൗണ്‍സില്‍മാര്‍ വിയോജനക്കുറിപ്പ് നല്കി. കൗണ്‍സില്‍ അജണ്ട പാസാക്കി 48 മണിക്കൂറിനകം വിയോജനക്കുറിപ്പ് നല്കിയാല് മതി. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ വെള്ളിയാഴ്ച പാസാക്കിയ അജണ്ടക്ക് എല്‍.ഡി.എഫ് മൗനാനുവാദം നല്‍കിയത് ഏറെ വിവാദമായിരുന്നു.
അസഭ്യം പറഞ്ഞ നഗരസഭ ചെയര്പേഴ്സന് സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10 ദിവസത്തിലേറെയായി നഗരസഭ കവാടത്തില്‍ സമരം നടന്നുവരികയാണ്. ഇതിനിടെയാണ് വെള്ളിയാഴ്ച നഗരസഭ കൗണ്‍സില്‍ യോഗം ചെയര്പേഴ്സന് വിളിച്ചുകൂട്ടിയത്. ബി.ജെ.പിയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.വി. പ്രഭ ഉള്‍പ്പെടെ അഞ്ചോളം കൗണ്‍സിലര്‍മാര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ അഞ്ച് കൗണ്‍സിലര്‍മാരും വിയോജനക്കുറിപ്പ് നല്കി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫിലെ ഒമ്പത് കൗണ്‍സില്‍മാരും ബി.ജെ.പിയുടെ തീരുമാനത്തോടൊപ്പം നില്‍ക്കുകയായിരുന്നു.
നാടിനെ പൊതുവായി ബാധിക്കുന്ന അജണ്ടയായതുകൊണ്ടാണ് കൗണ്‍സില്‍ യോഗ തീരുമാനത്തിനൊപ്പം നിന്നത് എന്നാണ് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലസിത നായര്‍ പറഞ്ഞത്. പിന്നീട് വിവാദമായതോടെ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു. അടുത്തിടെ എല്‍.ഡി.എഫിനോട് ഒപ്പംചേര്‍ന്ന അഡ്വ. രാധാകൃഷ്ണന് ഉണ്ണിത്താനും വിയോജനക്കുറിപ്പ് നല്കി. ചെയര്‍പേഴ്സനും ഭരണകക്ഷി കൗണ്‍സിലറും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ കൗണ്‍സില്‍ വെള്ളിയാഴ്ചയും ബഹളത്തില്‍ മുങ്ങിയാണ് പിരിഞ്ഞത്.
പി.എം.എ.വൈ ഒമ്പതാം ഡി.പി.ആറുമായി ബന്ധപ്പെട്ട കാര്യവും കടയ്ക്കാട് മത്സ്യച്ചന്തയുടെ അനുമതി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ചചെയ്യാനായി വിളിച്ചുകൂട്ടിയ കൗണ്‍സില്‍ യോഗമാണ് വെള്ളിയാഴ്ച നടന്നത്. 18 അംഗങ്ങളുള്ള ബി.ജെ.പി.യിലെ ആറുപേര്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗം ആരംഭിക്കുന്നതിന് മുമ്പേ യു.ഡി.എഫ് അംഗങ്ങള്‍ വിയോജനവും അറിയിച്ചു. അജണ്ട പാസായതായി ചെയര്പേഴ്സന് സുശീല സന്തോഷ് പ്രഖ്യാപിക്കുകയും ചെയ്തു.