കോന്നി : കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു എന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. നവകേരള സംഘാടക സമിതി ഓഫീസ് കോന്നിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വർഷകാലയളവിനുള്ളിൽ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായി. കോവിഡും മഹാപ്രളയവും കേരളത്തിൽ നാശം വിതച്ചപ്പോൾ കേരളത്തിലെ ജനങ്ങളെ ചേർത്ത് നിർത്തി ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ ടൂറിസം, റോഡുകൾ, പാലങ്ങൾ, ജല വിഭവം തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം സാധ്യമാക്കുവാൻ കേരളസർക്കാരിന് സാധിച്ചു. അറുപത്തിനാലായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആണ് കേരളത്തിൽ സാധ്യമാക്കിയത്. 2016 മുതൽ 2021 വരെ വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് കേരളം മുന്നോട്ട് പോയത്.
വരുന്ന രണ്ടര വർഷം ഇനിയും ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുവാനുണ്ട്. ലോകത്ത് തന്നെ ആദ്യമായിരിക്കും മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും കേരളത്തിലെ ജനങ്ങളെ നേരിട്ട് കാണുവാൻ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ജേക്കബ് റ്റി ജോർജ്ജ്, കോന്നി തഹൽസീദാർ മഞ്ജുഷ,കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ, സി കെ ശാമുവേൽ, മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ, പി ജെ അജയകുമാർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.