തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. മുൻ മന്ത്രി എം.എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവെരെ പ്രതി ചേർത്താണ് മഹിളാ കോൺഗ്രസ് വനിതാ കമ്മീഷന് പരാതി നൽകിയത്.
മൂവരുടെയും ചില പ്രതികരണങ്ങൾ അതിജീവിതയെ സമൂഹത്തിൽ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകളും ഇപ്പോൾ ആ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളും ബോധപൂർവം അതിജീവിതയെ സമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. ആ പ്രസ്‌താവനകൾ അതിജീവിതയ്ക്ക് മാത്രമല്ല സ്ത്രീകളെ പൊതുവായി അപമാനിക്കുന്ന തരത്തിലാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് മഹിളാ കോൺഗ്രസ് വനിതാ കമ്മിഷന് പരാതി നൽകിയത്.