തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ നടപടി കടുപ്പിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എല്‍ഡിഎഫ്. ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ഡിഎഫ് ആക്ഷേപം.
ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തെ ഒറ്റക്കെട്ടായി വിമര്‍ശിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിക്കുന്നു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു.
അതേസമയം, കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്.
കോണ്‍സുല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. അറബി ഭാഷ അറിയുന്നതിനാല്‍ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ താന്‍ ഇടനിലക്കാരിയായെന്നുമാണ് ഏറ്റുപറച്ചില്‍. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
മുഖ്യമന്ത്രിയും സ്പീക്കറും കോണ്‍സുലര്‍ ജനറലുമായി അനധികൃത പണമിടപാടുകളാണ് നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.