തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നേതൃയോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനമെടുക്കും. കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ തുടങ്ങിയ ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കാനാണ് ധാരണ. ഇവരില്‍ ആര്‍ക്കെല്ലാം ആദ്യ ടേമില്‍ അവസരം ലഭിക്കും എന്നത് സംബന്ധിച്ച് തീരുമാനമാകും.
ആദ്യ ടേമില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും, കോണ്‍ഗ്രസ് ബിയിലെ കെ.ബി ഗണേഷ് കുമാറിനുമാണ് സാധ്യത. ഇവര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പിള്ളിയും ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍ കോവിലും മന്ത്രിസ്ഥാനത്ത് എത്തും. എന്നാല്‍ ടേം വ്യവസ്ഥയില്‍ ഗണേഷ് കുമാറും ആന്റണി രാജുവും പരിഭവത്തിലാണ് എന്നാണ് സൂചന. ഐഎന്‍എല്‍ ആദ്യ ടേം ആവശ്യപ്പെട്ടതായുള്ള സൂചനകളും ഉണ്ട്. ഇതില്‍ ഒരു അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.
കഴിഞ്ഞ മന്ത്രിസഭയില്‍ ആകെ 20 മന്ത്രിമാരുണ്ടായിരുന്നത് ഈ വര്‍ഷം 21 ആകും. ഇതില്‍ സിപിഎം 12, സിപിഐ 4, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്) എന്‍സിപി എന്നിവര്‍ക്ക് ഒന്നു വീതവും മറ്റു നാലു കക്ഷികള്‍ക്കും കൂടി 2 എന്ന നിലയ്ക്കായിരിക്കും പ്രാതിനിധ്യം.