കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്. ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ എൽഡിഎഫിന്റെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ആരോഗ്യമേഖലയെ യുഡിഎഫും ബിജെപിയും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നെന്നാണ് എൽഡിഎഫ് വാദം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്നിട്ടുള്ളത്. അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശനം നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.
മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ വിശദമാക്കി. യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും ജോൺ വി സാമുവൽ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടതായും കളക്ടർ വിശദമാക്കി.