തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് വിജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍. വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവെപ്പാണ് ഈ വിജയം. ബദല്‍രാഷ്ട്രീയധാരക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബി.ജെ.പിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോള്‍ വ്യക്തമായത്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് കേരളത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷവും അതിന് കൂട്ടുനിന്നു. എന്നിട്ടും ചരിത്രവിജയമാണ് എല്‍.ഡി.എഫിന് നല്‍കിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്കെതിരെ മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുകയാണ്. എവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
മേയ് ഏഴിന് എല്‍.ഡി.എഫ് വിജയാഘോഷം നടത്തും. തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം അല്ല. പ്രവര്‍ത്തകരും വോട്ടര്‍മാരും എല്ലാവരും വീടുകളില്‍ ദീപം തെളിയിച്ച് വിജയാഹ്ലാദം പങ്കിടും. 18ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്‌ക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.