തൃക്കാക്കര : തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐ എം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിക്രമമാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഫലം എന്ന് പറഞ്ഞതായി വ്യാഖാനമുണ്ടായെന്നും എം.എ ബേബി പറഞ്ഞു. തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വല്‍ ലൈന്‍ പദ്ധതി നടപ്പിലാക്കില്ല. പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ചാകും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും എം.എ ബേബി നിലപാട് വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധിയാണ് വലുതെന്ന് ഇന്നലെ സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാന്‍. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തൃക്കാക്കരയിലെ ജനവിധി കെ – റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്നും സിപിഐ നേതാവ് ഒളിയമ്പെയ്യുന്നു. തൃക്കാക്കരയിലെ പരാജയം ഇടതുമുന്നണിയെ ഇരുത്തിച്ചിന്തിക്കുന്നതാണ്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും കനത്ത പാരാജയത്തിന്റെ കൈപ്പറിഞ്ഞത് എന്തുകൊണ്ടെന്ന് മുന്നണിയിലെ ഓരോ ഘടകകക്ഷികളും പരിശോധിക്കുകയാണ്.