തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം തിരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്തായി. മന്ത്രി ജലീലിന്റെ കീഴിലുള്ള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്താണ് പുറത്തായത്. ജനറല്‍ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിസിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ആണ് ജലീല്‍ കത്ത് നല്‍കിയിരിക്കുന്നത്.
മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിസിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തിയത്.