തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. നെടുംപറമ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. തിരുവല്ല -മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ കോൺക്രീറ്റ് റോഡിലാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്. മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ഇതിനെ കണ്ടത്. പട്ടിയുടെ ബഹളം കേട്ട് നോക്കിയപ്പോൾ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പറമ്പിലേക്ക് നടന്ന് പോയെന്നും സംഗീത പറഞ്ഞു. മെബൈലിൽ താനെടുത്ത വിഡിയോ കണ്ട് ഭർത്താവാണ് ആ ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചതെന്നും ഇവർ പറഞ്ഞു. ‘രാവിലെ പട്ടിയുടെയും കോഴിയുടെയും ബഹളം കേട്ട് നോക്കിയപ്പോൾ റോഡിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടു. പട്ടിയുടെ വലിപ്പമുണ്ടായിരുന്നു.
ഞാൻ അടുത്തേക്ക് നടന്നടുത്തത് കണ്ടതോടെ പുലി സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് നടന്നകന്നു. ഇതിനെ കാണാതായതിനെ തുടർന്ന് വീട്ടിലേക്ക് തിരികെ നടക്കവേ പിന്തിരിഞ്ഞ് നോക്കുമ്പോഴാണ് പുലി റോഡിലൂടെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് നടന്നു കയറുന്നത് കണ്ടത്. തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഇത് ഭർത്താവ് കണ്ടപ്പോഴാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്’ -സംഗീത പറഞ്ഞു. തുടർന്ന് അയൽവാസികളെയും വാർഡ് മെമ്പർ എൻ.എസ്. ഗിരീഷ് കുമാറിനെയും വിവരം അറിയിച്ചു. പുലി ഒളിച്ച പുരയിടത്തോട് ചേർന്നുള്ള അരകിലോമീറ്ററോളം ദൂരത്തിലുള്ള ഭാഗം കാട് നിറഞ്ഞ് കിടക്കുകയാണ്. സംഭവം നാട്ടിൽ ആകെ പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ഉച്ചയോടെ അവർ എത്തുമെന്നും വാർഡ് മെമ്പർ പറഞ്ഞു.