മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയെക്കുറിച്ച് പ്രതികരണവുമായി ശിവസേന (യുബിടി) സഞ്ജയ് റാവത്ത്. ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് പവാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. ‘ഞങ്ങള്‍ ശക്തരാണ്, ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഉദ്ധവ് താക്കറെയ്ക്കൊപ്പം ഞങ്ങള്‍ എല്ലാം പുനര്‍നിര്‍മ്മിക്കും’ – സഞ്ജയ് റാവത്ത് പറഞ്ഞു. ‘മഹാരാഷ്ട്ര രാഷ്ട്രീയം വൃത്തിയാക്കാനുള്ള ദൗത്യം ചിലര്‍ ഏറ്റെടുത്തിട്ടുണ്ട്. അവര്‍ അവരുടെ വഴിക്ക് പോകട്ടെ. ഞാന്‍ ശരദ് പവാറുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ ശക്തരാണ്. ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഉദ്ധവ് താക്കറെയ്ക്കൊപ്പം ഞങ്ങള്‍ എല്ലാം പുനര്‍നിര്‍മ്മിക്കും. ആളുകള്‍ ഈ ഗെയിം അധികകാലം സഹിക്കില്ല”.-സഞ്ജയ് റാവത്ത് വ്യക്തമാക്കി.
അതേസമയം, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും അജിത് പവാറിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് എന്‍സിപിയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എംഎല്‍എമാര്‍ അഴിമതിക്കാരും ജയിലില്‍ കിടക്കേണ്ടവരുമാണെന്നും എന്ത് വില കൊടുത്തും അധികാരം കൊതിക്കുന്ന രാഷ്ട്രീയ അവസരവാദികളാണ് ബിജെപിയെന്നും അവരുടെ പ്രത്യയശാസ്ത്ര കൂട്ടുകെട്ടുകളെ കുറിച്ച് പറയേണ്ടതില്ലെന്നും പ്രിയങ്ക പറഞ്ഞു.