തിരുവനന്തപുരം : ഏത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും മദ്യത്തിന്റെ കാര്യത്തില്‍ ഡബിള്‍ സ്‌ട്രോങ്ങാണ്. പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മദ്യവില്‍പ്പനയെ ഏറെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളതിന് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ഇതിനിടയിലാണ് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ഓണം എത്തിയത്. അരിയും സാധനങ്ങളും എങ്ങനെ വാങ്ങുമെന്നറിയാതെ മലയാളികള്‍ കുഴയുമ്പോഴാണ് ‘ഓണമൊക്കെ അല്ലേ നമുക്ക് ഒന്ന് കൂടേണ്ടേ’ എന്ന രൂപേണയുള്ള ബീവറേജസ് കോർപ്പറേഷന്റെ ഏറ്റവും ഒടുവിലെ സര്‍ക്കുലര്‍. കേരളത്തിലെ ജനങ്ങള്‍ക്ക് അരി കിട്ടിയില്ലെങ്കിലും മദ്യം ലഭ്യമാക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഓണക്കാലത്തെ ഉയര്‍ന്ന വില്‍പ്പന കണക്കാക്കി നേരത്തെ തന്നെ സ്‌റ്റോക്ക് അടക്കമുള്ളവ ഒരുക്കാനാണ് ബെവ്‌ക്കോയുടെ നീക്കം. ഓരോ ഔട്ട്‌ലെറ്റിലെയും മാനേജര്‍ മദ്യത്തിന്റെ സ്‌റ്റോക്ക് ഉറപ്പാക്കണം. സ്ഥിരമായി കൂടുതല്‍ ആവശ്യക്കാരുള്ള മദ്യം, വെയര്‍ഹൗസുകളില്‍ നിന്നും ഔട്ട്‌ലെറ്റില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഇത്തരം ഡിമാന്‍ഡുള്ള മദ്യം ഗോഡാണില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ചെയ്യണമെന്നും നീളുന്നു ഈ നിര്‍ദേശം. മാത്രമല്ല ഓരോ ഗോഡൗണുകളുടെയും കീഴിലുള്ള ഔട്ട് ലെറ്റുകളില്‍ വില കൂടിയതും കുറഞ്ഞതുമായ മദ്യം ഉറപ്പാക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. എല്ലാത്തിലുമുപരി മദ്യം വാങ്ങാനെത്തുന്നവര്‍ പ്രത്യേകിച്ച് ഒരു മദ്യത്തിന്റെയും പേര് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഡിസ്‌റ്റിലറിയില്‍ നിര്‍മിക്കുന്ന ജവാന്‍ മദ്യം നല്‍കാന്‍ ഔട്ട്‌ലെറ്റിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സർക്കുലർ പറയുന്നു. ഇതുകൂടാതെ ഡിജിറ്റല്‍ ഇടപാട് നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് പ്രത്യേക ഇന്‍സന്‍റീവും നല്‍കും.
കേരളത്തിന്റെ പട്ടിണി മാറ്റുന്നതിലല്ല, പകരം മദ്യം വിളമ്പി ഖജനാവ് നിറയ്‌ക്കുന്നതിലാണ് സര്‍ക്കാരിന് പ്രത്യേക ശ്രദ്ധ എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് സര്‍ക്കാര്‍ വില്‍പ്പന നടത്തിയത് ഏകദേശം 624 കോടി രൂപയുടെ മദ്യമാണ്. എട്ട് ദിവസം കൊണ്ട് തന്നെ 550 കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. ഓണം, ക്രിസ്‌മസ്, വിഷു അങ്ങനെ ഏത് ആഘോഷമായാലും അരി ഇല്ലെങ്കിലും കുടിച്ച് റെക്കോര്‍ഡ് ഇടാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.