കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ച ഇനമാണ് അമര. വർഷകാലത്തിനു മുൻപും ഡിസംബറിലും അമര കൃഷി ചെയ്യാൻ മികച്ചതാണ്. ജനുവരി മാസങ്ങളിലും അമര കൃഷി ചെയ്യാൻ മികച്ചതാണ്. മുറ്റത്ത് പന്തലിട്ട് വളർത്താൻ കഴിയുന്ന അമരയും, ഗ്രോബാഗ് വളർത്താൻ കഴിയുന്ന കുറ്റി അമരയും ഇന്ന് എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. വേലികളിലും ടെറസുകളിലും വരെ അമര കൃഷി ചെയ്യാം. അമര കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം മികച്ച ഇനം തിരഞ്ഞെടുക്കൽ ആണ്. ഏറ്റവും കൂടുതൽ വിളവ് നൽകുന്ന ഇനമായി പൊതുവെ കണക്കാക്കുന്നത് ഹിമയും ഗ്രേസും ആണ്. മാംസ്യവും നാരും ധാരാളം അടങ്ങിയിരിക്കുന്ന ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന ഒരു പച്ചക്കറി ഇനം കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇത് കൃഷിചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
കൃഷി ചെയ്യാൻ ഒരുങ്ങാം
ഏകദേശം 55 സെൻറീമീറ്റർ വ്യാസവും 45 സെൻറീമീറ്റർ താഴ്ചയുമുള്ള കുഴികളാണ് എടുക്കേണ്ടത്. ഇവയിൽ ഉണങ്ങിയ ഇലകൾ ഇട്ടു കത്തിച്ച് കുഴി തയ്യാറാക്കാം. പിന്നീട് 250-500 ഗ്രാം കുമ്മായം കുഴിയിൽ ഇട്ട് ഇളക്കുക. പൊതുവേ വർഷ കാലത്തിനു മുൻപ് ആണ് എല്ലാവരും അമര കൃഷി ചെയ്യുക. ഈ സമയത്ത് കൃഷിചെയ്യുമ്പോൾ എടുക്കുന്ന കുഴിയിൽ പച്ചിലയിട്ട് അതിനുമുകളിൽ ഏകദേശം 10 കിലോ പച്ചചാണകം ചേർത്ത് ഇലകൾ അഴുകുവാൻ അനുവദിക്കണം. തിരുവാതിര ഞാറ്റുവേല സമയത്ത് അമര വിത്ത് പാകിയാൽ ഏകദേശം ഡിസംബർ മാസം ആകുമ്പോഴേക്കും പുഷ്പിച്ചു കായ്ക്കും. നേരത്തെ തയ്യാറാക്കിയ കുഴിയിൽ ഏകദേശം അരക്കിലോയോളം എല്ലുപൊടി ചേർത്തു വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ കുഴി മേൽ മണ്ണിട്ടു മൂടുക. ഇവയ്ക്ക് ചുറ്റി പടരുവാൻ വേണ്ടി കമ്പുകൾ കുത്തി നൽകണം. പുഷ്പിച്ച് തുടങ്ങുന്ന കാലയളവിൽ കടലപ്പിണ്ണാക്ക് തടത്തിൽ ചേർക്കുന്നത് നല്ലതാണ്. ശരിയായ വളപ്രയോഗം നടത്തിയാൽ ഏകദേശം രണ്ടു തവണയെങ്കിലും നമുക്ക് വിളവെടുക്കാം.