ഏഴംകുളം : ഏഴംകുളം പബ്ലിക് ലൈബ്രറിയോട് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് അവഗണനയെന്ന് ഗ്രന്ഥശാല അധികൃതരുടെ പരാതി. തൊടുവക്കാട് കേന്ദ്രീകരിച്ചാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. 2023 സെപ്റ്റംബറിൽ പഞ്ചായത്തിലെ ലൈബ്രറി പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സംയുക്തയോഗം പഞ്ചായത്ത് അധികാരികൾ വിളിച്ചുചേർത്തിരുന്നു. ആ യോഗത്തിൽ പഞ്ചായത് അധികൃതർ ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങി നൽകുന്നതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തുന്നതായും 2024 മാർച്ചിന് മുൻപ് ആ തുക നൽകുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നതായി പറയുന്നു. ഇതിനായി ഓരോ ഗ്രന്ഥശാലയ്ക്കും വേണ്ടുന്ന കാര്യങ്ങൾ രേഖാമൂലം നല്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വകയിരുത്തിയ അഞ്ചുലക്ഷം രൂപ പഞ്ചായത്ത് വകമാറ്റി ചെലവഴിച്ചുവെന്നതാണ് ലൈബ്രറി കൗൺസിൽ ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഒപ്പം 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ വായനശാലയ്ക്കായി ഒരുരൂപ പോലും പഞ്ചായത്ത് ഭരണസമിതി വകയിരുത്തിയിട്ടില്ലെന്നും ലൈബ്രറി അധികൃതർ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ ഇത്തരം നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുൻപിലേക്ക് സമരപരിപാടികൾ നടത്താൻ യോഗം കൂടി തീരുമാനിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. ലൈബ്രറി ഭാരവാഹികളും പലതവണ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് വിമൽരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. സുഭാഷ്, ജോയിന്റ് സെക്രട്ടറി ജെയിംസ് മാത്യു, ജോർജ് തോമസ്, ആർ. മനോഹരൻ, ശാന്തി കെ. കുട്ടൻ, ബാബു ഡാനിയേൽ, സുധീപ സന്തോഷ്, രോഹൻ ജോർജ്, ഷാനവാസ്, രാധാമണി എന്നിവർ പ്രസംഗിച്ചു.