കൊച്ചി : എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കുകയെന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും തകര്‍ക്കുന്ന നടപടിയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. എല്‍ഐസി സംരക്ഷണ സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിശദ പരിശോധനയ്ക്ക് വിടണമെന്ന് താനടക്കമുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.
കമ്മിറ്റിയില്‍ താനടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ബില്ലിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായവും രേഖപ്പെടുത്തി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ബില്‍ പാസ്സാക്കിയത്. പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതാണെന്നും എളമരം കരീം പറഞ്ഞു. കണ്‍മുന്നിലൂടെ നമ്മുടെ രാജ്യത്തിന്റെ സ്വത്ത് സ്വകാര്യ മുതലാളിമാരുടെ കൈകളിലേയ്ക്ക് പോവുകയാണ്. ഇത് കണ്ടു നില്‍ക്കാന്‍ കഴിയാത്തു കൊണ്ടാണ് രാജ്യസഭയില്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി കൈയ്യൊഴിയുക എന്നതാണ് കേന്ദ്ര നയം. ബിസിനസ്സ് നടത്തലല്ല സര്‍ക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തിടെ വ്യവസായികളുടെ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തൊഴിലാളികളും ജനങ്ങളും പൊതുമേഖലാ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരാണ്.
അതിന് ഉത്തമ ഉദാഹരണമാണ് ബിപിസിഎല്‍ സവകാര്യവല്‍ക്കരണത്തിനെതിരെ നടക്കുന്ന സമരം. ഇത്തരം സമരങ്ങളിലൂടെ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രേഡ് യൂണിയനികള്‍ എല്‍ഐസി സംരക്ഷണ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതായും എളമരം കരീം പറഞ്ഞു.