തിരുവനന്തപുരം/ പത്തനംതിട്ട : ലൈഫ് ഭവനം നല്‍കിയ പുതുജീവിതത്തിന്റെ സംതൃപ്തിയില്‍ ജില്ലയിലെ 5,594 ഗുണഭോക്താക്കള്‍ ഇന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നടന്ന ലൈഫ് സന്തോഷ സംഗമത്തില്‍ അണിചേര്‍ന്നു. അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിന്റെ നിറവിലായിരുന്നു എല്ലാവരും. ഗുണഭോക്താക്കളുടെ കലാപരിപാടികളും, ചര്‍ച്ചകളും, അനുഭവങ്ങള്‍ പങ്കുവയ്ക്കലും സന്തോഷ സംഗമത്തെ വ്യത്യസ്തമാക്കി.
സംസ്ഥാനത്തൊട്ടാകെ ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച അതേ അവസരത്തിലാണ് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും നടന്നത്. മുഴുവന്‍ ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് നടന്ന രണ്ടു ലക്ഷം ഭവന പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ തല്‍സമയ സംപ്രേക്ഷണം തദ്ദേശ സ്ഥാപനങ്ങളില്‍ അണിചേര്‍ന്ന ഗുണഭോക്താക്കള്‍ക്ക് കാണുന്നതിനും സൗകര്യമൊരുക്കിയിരുന്നു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ലൈഫ് മിഷന്റെ ഭാഗമായി ജില്ലയില്‍ ആകെ 5,594 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതില്‍ ലൈഫ് മിഷന്‍ ഒന്നാംഘട്ടമായ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തില്‍ 1,169 വീടുകളും രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവന നിര്‍മാണത്തില്‍ 1,678 വീടുകളും, പിഎംഎവൈ ലൈഫ് (നഗരം) 964 വീടുകളും പിഎംഎവൈ ലൈഫ് (ഗ്രാമീണ്‍) 679 വീടുകളും പട്ടികജാതി വകുപ്പ് മുഖേന 1,097 വീടുകളും പട്ടികവര്‍ഗ വകുപ്പ് മുഖേന ഏഴ് വീടുകളും ഉള്‍പ്പെടുന്നു.
സ്വന്തമായ മേല്‍വിലാസമെന്ന ചിരകാല സ്വപ്‌നം ലൈഫ് പദ്ധതിയില്‍ പൂവണിഞ്ഞ രണ്ടു ലക്ഷം ചിരികളാണ് കേരളത്തില്‍ വിരിഞ്ഞത്.
ജീവിത യാതനകള്‍ക്ക് നടുവില്‍ തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂര വേണമെന്ന ആഗ്രഹം വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് കരുതിയ രണ്ടു ലക്ഷം കുടുംബങ്ങളുടെ ആഗ്രഹത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായ ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി. ലൈഫ് പി.എം.വൈ.എ ഗ്രാമത്തില്‍ ഭവന നിര്‍മ്മാണത്തിനായി കേന്ദ്ര വിഹിതം 72,000 രൂപയും സംസ്ഥാന വിഹിതം 3.28,000 രൂപയുമാണ്. പി.എം.എ.വൈ ലൈഫ് നഗരത്തില്‍ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതം രണ്ടര ലക്ഷം രൂപയുമാണ്. ഇന്ന് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍ക്കും സര്‍ക്കാരിന്റെ കരുതലില്‍ വീടൊരുങ്ങി കഴിഞ്ഞു.
ലൈഫില്‍ മനംനിറഞ്ഞ് സിനിയും തിലകമ്മയും
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ സുരക്ഷിതത്വം നല്‍കുന്ന ആത്മവിശ്വാസം പങ്കുവച്ചപ്പോള്‍ സിനിയുടേയും തിലകമ്മയുടേയും കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞൊഴുകി. നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് ഗുണഭോക്തൃ സംഗമത്തിലാണ് സിനിയും തിലകമ്മയും അനുഭവങ്ങള്‍ പങ്കുവച്ചത്. പത്തനംതിട്ട ജില്ലയിലെ ചരല്‍ക്കുന്നില്‍ കല്ലുകെട്ടി ഉണ്ടാക്കിയ കുടിലിലാണ് സിനിയും കുടുംബവും താമസിച്ചിരുന്നത്. അതിനിടയില്‍ 2007 ല്‍ മരപ്പണിക്കാരനായ സിനിയുടെ ഭര്‍ത്താവ് മരത്തില്‍നിന്നു വീണു അരയ്ക്കുതാഴെ തളര്‍ന്നു കിടപ്പിലായതോടെ ജോലിക്ക് പോകാന്‍ സാധിക്കാതെയായി. സിനിയുടെ ഭര്‍ത്താവിന്റെ തുടര്‍ ചികിത്സയ്ക്കും മറ്റുമായി ധാരാളം തുക ചെലവഴിക്കേണ്ടി വന്നതോടെ വീടും വസ്തുവും തുച്ഛമായ വിലയ്ക്ക് വിറ്റ് ചികിത്സ നടത്തി. എന്നാല്‍ ഭര്‍ത്താവിനെ ഒരു ചാരിറ്റബിള്‍ സ്ഥാപനം ഏറ്റെടുത്തതോടെ സിനിയും മകനും വാടക വീട്ടിലേക്ക് താമസം മാറി. സിനി ചെറിയ ജോലികള്‍ ചെയ്താണ് നിത്യവൃത്തിക്ക് വക കണ്ടെത്തിയത്. കുടുംബ സ്വത്തായി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ലഭിച്ച മൂന്നു സെന്റ് സ്ഥലത്തെ വീട്ടിലാണ് സിനിയും കുടുംബവും ഇന്ന് സുരക്ഷിതമായി കഴിയുന്നത്.
തിലകമ്മയും ഭര്‍ത്താവ് രഘുവും രണ്ടു പെണ്‍കുട്ടികളുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ കല്ലുങ്കലില്‍ നാലു സെന്റ് വസ്തുവില്‍ കല്ലുകെട്ടി ഉണ്ടാക്കിയ വീട്ടിലാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ രഘുവിന് രണ്ട് പെണ്‍മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് അവരുടെ വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. അതിനുശേഷം വാങ്ങിയ സ്ഥലത്ത് കുടില്‍കെട്ടി താമസിച്ചുവരവെ 2018ലെ പ്രളയത്തില്‍ വീട് മുഴുവനായി തകര്‍ന്നു. ഇന്നിവര്‍ ഹാപ്പിയാണ്, ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍.