പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി ജില്ലയിലെ ആദ്യ ഭവന സമുച്ചയത്തിന്റെ നിര്‍മാണം പന്തളം നഗരസഭയിലെ മുടിയൂര്‍കോണത്ത് ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തീകരിക്കുകയും രണ്ടുംമൂന്നും ഘട്ടങ്ങള്‍ പുരോഗമിച്ചു വരികയുമാണ്.
ലൈഫ് ഒന്നാം ഘട്ടത്തില്‍ വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വീടുകളുടെ പൂര്‍ത്തീകരണമാണ് ഏറ്റെടുത്തിരുന്നത്. ജില്ലയില്‍ ഇപ്രകാരമുള്ള 1188 വീടുകളുടെ പൂര്‍ത്തീകരണമാണ് ഏറ്റെടുത്തത്. അതില്‍ 1169 വീടുകളും പണി പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ താമസം ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കുക എന്നതായിരുന്നു ലക്ഷ്യം ലൈഫ് പദ്ധതിയില്‍ ഇപ്രകാരമുള്ള 2270 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുവാന്‍ ധനസഹായം നല്‍കിവരുന്നു. ഇവരില്‍ 1777 പേര്‍ ഇതിനോടകം വീട് നിര്‍മിച്ചു കഴിഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭകളില്‍ ലൈഫ് -പി.എം.എ.വൈ എന്ന പേരില്‍ 980 വീടുകളും ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന 687 വീടുകളും പട്ടികജാതി വകുപ്പില്‍ നിന്നും 1102 വീടുകളും പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും 544 വീടുകളും പൂര്‍ത്തിയാക്കാന്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഈ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി ഭൂരഹിതഭവനരഹിതരുടെ പുനരധിവാസമാണ് ഏറ്റെടുത്തിട്ടുള്ളത്. ജില്ലയില്‍ 2110 ഗുണഭോക്താക്കളെയാണ് ഈ ഘട്ടത്തില്‍ അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കിയും വസ്തുവാങ്ങി വീട് വയ്ക്കുന്നതിന് ആറു ലക്ഷം രൂപ ധനസഹായം നല്‍കിയുമാണ് ഇത് നടപ്പാക്കുന്നത്. ജില്ലയിലെ ആദ്യ ഭവന സമുച്ചയത്തിന്റെ നിര്‍മാണം പന്തളം നഗരസഭയിലെ മുടിയൂര്‍കോണം പ്രദേശത്ത് ഉടന്‍ ആരംഭിക്കും.
ഏഴംകുളം, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂര്‍, ഇരവിപേരൂര്‍, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ ഭവന സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. മറ്റ് 18 പ്രദേശങ്ങളില്‍ പൊതുസ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ചെറു ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ നടപടി ആരംഭിച്ചു. 375 ഗുണഭോക്താക്കള്‍ സ്വന്തമായോ സര്‍ക്കാര്‍ ധനസഹായത്തോടെയോ, വസ്തു വാങ്ങുകയും അവയ്ക്ക് ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മാണ ധനസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.