തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതിനു തൊട്ടു പിന്നാലെ പ്രാഥമിക പരിശോധന നടത്താന്‍ നിശ്ചയിച്ച വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തി. വൈകുന്നേരം വിജിലന്‍സ് സംഘം സെക്രട്ടറിയേറ്റ് അനക്സിലെ തദ്ദേശസ്വയംഭരണ വിഭാഗത്തില്‍ എത്തി ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചു.
ഓഫീസ് സമയം കഴിഞ്ഞ ശേഷമായിരുന്നു പരിശോധന. ലൈഫ് മിഷന് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ നടപടിയാണിത്. ലൈഫ് മിഷന് ഇടപാട് സംബന്ധിച്ച രേഖകളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്. കോട്ടയം യൂണിറ്റ് എസ്പി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.