കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷ്. പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മീഷന്‍ വാങ്ങിയെന്ന കേസില്‍ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണു പ്രതികരണം. ഇത്തരം രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്കു മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നത്. യുഎഇ കോണ്‍സല്‍ ജനറലിനൊപ്പം താനും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതു സെക്രട്ടറിയറ്റിലാണെങ്കിലും ഉദ്യോഗസ്ഥതലത്തിലെടുത്ത പല തീരുമാനങ്ങളും ക്ലിഫ് ഹൗസിലെ രഹസ്യചര്‍ച്ചകള്‍ക്കു ശേഷം മാറ്റിയിരുന്നു. ഈ പദ്ധതിയുടെ കരാര്‍ യൂണിടാക് കമ്പനിക്കു നല്‍കിയതിനു എം.ശിവശങ്കറിനു കോഴയായി ലഭിച്ച ഒരു കോടി രൂപയാണു തന്റെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലെടുത്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും സിബിഐക്കു കൈമാറിയതായും 21നു ചോദ്യം ചെയ്യല്‍ തുടരുമെന്നും സ്വപ്ന പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിക്കു ശേഷം കേരളത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നടക്കുന്ന മറ്റു നിര്‍മാണ കരാറുകളും യൂണിടാക്കിനു നല്‍കാന്‍ ശിവശങ്കര്‍ തീരുമാനിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.