സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. പലപ്പോഴും അമിതമായ മുടികൊഴിച്ചിൽ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. എത്രയൊക്കെ ശ്രമിച്ചിട്ടും മുടികൊഴിച്ചിൽ അകറ്റാൻ പറ്റാത്തതാണ് പലരും നേരടിന്ന പ്രധാന വെല്ലുവിളി. ജോലി തിരക്കിനിടയിൽ അൽപ്പ സമയം മുടിയ്ക്കും ചർമ്മത്തിനുമൊക്കെ വേണ്ടി മാറ്റി വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ബ്യൂട്ടി പാർലറിൽ പോയി മുടിയ്ക്ക് വേണ്ട പരിചരണം നൽകാൻ കഴിയാത്താവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് ഹെയർ മാസ്കുകൾ. വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ കൊണ്ട് ഇവ ചെയ്യാൻ സാധിക്കും. വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് കഞ്ഞിവെള്ളം. മുടിയുടെ ഘടന മെച്ചപ്പെടുത്താനും അതുപോലെ മുടികൊഴിച്ചിലും താരനമുമൊക്കെ മാറ്റാൻ കഞ്ഞിവെള്ളം ഏറെ നല്ലതാണ്. കഞ്ഞി വെള്ളം വെറുതെ മുടിയിൽ തേയ്ക്കുന്നതും അതുപോലെ പായ്ക്കുകൾക്കൊപ്പം ഉപയോഗിക്കുന്നതും മുടിയ്ക്ക് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.
സവാളയും ഉള്ളിയും മുടിയ്ക്ക് ഏറെ നല്ലതാണ്. ഇതിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താനും മുടി വളർച്ച കൂട്ടാനും ഏറെ സഹായിക്കും. താരൻ പോലെ തലയോട്ടിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഉള്ളിയ്ക്ക് കഴിയും. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും ഇത് ഏറെ നല്ലതാണ്. ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് സവാള എന്ന് തന്നെ പറായം. മുടികൊഴിച്ചിലും താരനും മാറ്റി മുടിയെ നല്ല ഇടതൂർന്ന് വളരാൻ സഹായിക്കുന്നതാണ് ഉലുവ. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടി വളർച്ചയ്ക്ക് സഹായിക്കുന്നത്. ഇതിലെ അമിനോ ആസിഡുകൾ മുടി കൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാൻ ഏറെ സഹായിക്കുന്നു. മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സഹായിക്കും.
ഉപ്പ് ഇടാത്ത കഞ്ഞിവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉലുവയിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഈ മിശ്രിതത്തിലേക്ക് ചെറിയ ഉള്ളിയോ അല്ലെങ്കിൽ ഒരു സവാളയോ ചേർത്ത് നന്നായി അരച്ച് എടുക്കുക. വെള്ളം ചേർത്ത് അരച്ച് എടുത്ത ഈ മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അൽപ്പം എണ്ണ തേച്ച ശേഷം ഈ മിശ്രിതം ഇടുന്നത് മുടി കഴുകുന്നത് എളുപ്പത്തിലാക്കാൻ സഹായിക്കും. 20 മിനിറ്റിന് ശേഷം മുടി കഴുകി വ്യത്തിയാക്കാം.