പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേത്രുത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. സഫാ ഹോട്ടല്‍, മലബാര്‍ റെസിഡന്‍സി, തോംസണ്‍ ഹോട്ടല്‍, അമാനി ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത് കെ.എസ്.ആര്‍.ടി.സി ക്ക് സമീപമുള്ള തോംസണ്‍ ഹോട്ടല്‍ , സെന്‍ട്രല്‍ ജംഗ്ഷനിലുള്ള അമാനി ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. ഉപയോഗശൂന്യമായ ഭക്ഷണം ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് തോംസണ്‍ ഹോട്ടലില്‍ നിന്നാണ്. തോംസണ്‍ ഹോട്ടലില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ ഒരുമണിക്കൂര്‍ ഇവര്‍ വെളിയില്‍ നിര്‍ത്തി. താക്കോല്‍ കയ്യില്‍ ഇല്ലെന്നും തുറക്കാന്‍ പറ്റില്ലെന്നുമാണ് പറഞ്ഞത്. എന്തുവന്നാലും പരിശോധിച്ചേ പോകൂ എന്ന നിലപാട് നഗരസഭയും സ്വീകരിച്ചു. ഏറെ കാത്തുനിന്നിട്ടാണെങ്കിലും ഇവിടെ പരിശോധന പൂര്‍ത്തിയാക്കി. ഇതിനോടകം പിന്‍ വാതില്‍വഴി പഴകിയ ആഹാരസാധനങ്ങള്‍ ഇവര്‍ കടത്തി. ശേഷിച്ചവയാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനായത്. ഇവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് നഗരസഭ വ്യക്തമാക്കി. വൃത്തിഹീനമായ അടുക്കള ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്നതിനും നടപടി സ്വീകരിച്ചു.
അതേസമയം പരിശോധനയുടെ വാര്‍ത്ത പുറത്ത് വിടാതിരിക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥരുടെമേല്‍ കടുത്ത സമ്മര്‍ദ്ദവുമായി ഭരണ പക്ഷവും പ്രതിപക്ഷവും. റെയിഡിലെ വിവരങ്ങള്‍ ആരോടും പറയരുതെന്നും ഹോട്ടലുകളുടെ പേര് ഒരു കാരണവശാലും പുറത്തു വിടാന്‍ പാടില്ലെന്നുമാണ് രാഷ്ട്രീയ നേതാക്കളും നഗരസഭയിലെ ചില ജനപ്രതിനിധികളും വാദിച്ചത്. (ഇവരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടുന്നില്ല). പത്തനംതിട്ട നഗരത്തില്‍ വൃത്തിയുള്ള ഹോട്ടലുകളും നല്ല ഭക്ഷണങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് ഈ ജനപ്രതിനിധികള്‍ക്കുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പരിശോധനക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജൻ വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാവ്യ കല എന്നിവര്‍ നേത്രുത്വം നല്‍കി.