തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനായി നല്കപ്പെട്ടെന്നു കരുതപ്പെടുന്ന നാല് കോടി രൂപയുടെ പങ്കുപറ്റിയവരുടെ പട്ടികയില്‍ സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മകനും ഉണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും ഈ മന്ത്രി പുത്രനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
തലസ്ഥാനത്തെ ഒരു വന്‍കിട ഹോട്ടലില്‍ വെച്ചുള്ളതാണ് ചിത്രങ്ങളെന്നാണ് നിഗമനം. ഇത് അന്വേഷണ സംഘം പരിശോധിക്കുകയാണെന്നും മന്ത്രി പുത്രന് സ്വപ്നയുമായുള്ള ഇടപാടുകളുടെ വിവരം ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്നുമാണ് വിവരം. ലൈഫ് മിഷനിലെ കമ്മീഷന് കൈമാറ്റത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
സ്വപ്നയ്ക്കും മന്ത്രി പുത്രനും പുറമേ മറ്റൊരു ഇടനിലക്കാരന് കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇയാള്‍ക്ക് നല്‍കാമെന്നേറ്റ കമ്മീഷന് തുക നല്‍കാതെ വന്നതോടെയാണ് ചിത്രങ്ങള്‍ പുറത്തായതെന്നുമാണ് വിവരം. ലൈഫ്മിഷന് ഇടപാടില്‍ യുണിടാക്കിന്റെയും റെഡ്ക്രസന്റിന്റെയും ഇടനിലക്കാരനായി നിന്നത് ഈ മന്ത്രിപുത്രനാണെന്നും വിവരങ്ങളുണ്ട്.
നേരത്തെ, ലൈഫ് മിഷന് വിവാദം പ്രതിപക്ഷം നിയമസഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടത് അംഗങ്ങളുമെല്ലാം ഈ ആരോപണത്തിനെതിരെ നിയമസഭയില്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ലൈഫ് പദ്ധതിയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചതോടെ തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും അഴിമതിയുടെ ഭാഗമായവര്‍ മന്ത്രിസഭയിലുള്‍പ്പെടെ തുടരാന്‍ പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മന്ത്രിസഭയിലെ മറ്റൊരംഗമായ എ.സി.മൊയ്തീന് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മീഷന് ലഭിച്ചുവെന്ന് അനില്‍ അക്കര എംഎല്‍എ ആരോപണമുന്നയിച്ചിരുന്നു.
ഈ ആരോപണത്തെ പ്രതിരോധിച്ചു വരുന്നതിനിടെയാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മകനു നേരെയും ആരോപണമുയരുന്നത്. കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടിന്റെ ചെയര്മാന് കൂടിയാണ് ഇയാളെന്നും വിവരമുണ്ട്.