ആലുവ: നഗരത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ്റ്റാന്റ് പരിസരത്തെ ലിമ ജ്വല്ലറിയില്‍ മോഷണം നടന്നത്. കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും താലിയും നല്‍കാന്‍ ആവശ്യപ്പെട്ടു.
ഈ സമയം പുറത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരാള്‍ കാത്തിരിപ്പുണ്ടായിരുന്നു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയ്യിലേക്ക് വാങ്ങി. തുടര്‍ന്ന് സ്വര്‍ണ്ണമാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
തുടര്‍ന്നാണ് ആലുവ പോലീസ് ചാവക്കാട് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ലിമ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം മാള പുത്തന്‍ചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് കേസുകളിലും, ഷിജോ കഞ്ചാവ് കേസിലും നേരത്തെ പ്രതികളായിട്ടുണ്ട്. ആലുവ മുന്‍ നഗരസഭ ചെയ്ര്‍മാന്‍ ഫ്രാന്‍സിസ് തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ലിമ ജ്വല്ലറി.