റാന്നി: ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റു കെ.എസ്.ഇ.ബി പെരുനാട് സെക്ഷനിലെ ലൈൻമാൻ മരിച്ചു. ആങ്ങമൂഴി സ്വദേശി പടിഞ്ഞാറ്റിൻകര രാജന്റെ മകൻ സി.ആര്‍ അജികുമാർ(45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവ് വന്നിരിപ്പൻമൂഴിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഇവിടുത്തെ ട്രാൻസ്‌ഫോർമർ പരിധിയിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടയിലാണ് 11 കെവി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ജീവനക്കാര്‍ ചേർന്ന് പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അജികുമാർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഉണ്ടായ വൈദ്യുതി തകരാർ പരിഹരിക്കാന്‍ ശ്രമിക്കുന്നിതിനിടയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ പെരുനാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയറും ഇലക്ട്രിക്കല്‍ ഇൻസ്‌പെക്ടറും സംഭവ സ്ഥലം സന്ദർശിച്ചു പരിശോധനകൾ നടത്തി. സേഫ്റ്റി വിംഗിന്റെ പരിശോധനയും തെളിവെടുപ്പും പിന്നാലെ ഉണ്ടാവും. ഇന്ന് ഉച്ചക്ക് ശേഷം മൂന്നോടെ പെരുനാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ പൊതു ദർശനത്തിനു വെച്ച അജിത് കുമാറിന്റെ മൃതദേഹം അഞ്ചു മണിയോടെ കക്കാട് സെക്ഷൻ ഓഫീസിലും തുടര്‍ന്ന് ആങ്ങമൂഴി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വെച്ചു. സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. മാതാവ് – ലീലാമ്മ. ഭാര്യ – ശ്രീജ. മക്കൾ – ശ്രീഹരി, ശ്രീദേവ്.