അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി തന്റെ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പം ഏഷ്യന്‍ പര്യടനത്തിലാണ്. സൗദി അറേബ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ജപ്പാനില്‍ എത്തിനില്‍ക്കുകയാണ് ലിയൊയും സംഘവും. 2023 ജൂലൈ മുതലാണ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ (എം.എല്‍.എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസി എത്തിയത്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ഏഷ്യന്‍ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ താരത്തിനു സാധിച്ചില്ല. ഹോങ്കോംഗ് സന്ദര്‍ശനത്തില്‍ ഒരു മിനിറ്റ് പോലും ലയണല്‍ മെസി ഇന്റര്‍ മയാമിക്കു വേണ്ടി കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഇത് സര്‍ക്കാര്‍ തലത്തില്‍ വരെ പ്രതിഷേധത്തിനു കാരണമായി. ഹോങ്കോംഗ് ഇലവന് എതിരായ മത്സരത്തില്‍ 4 – 1 ഇന്റര്‍ മയാമി ജയം സ്വന്തമാക്കിയിരുന്നു. 2024 പ്രീ സീസണ്‍ ടൂറില്‍ നാല് മത്സരങ്ങളില്‍ മൂന്നിലും തോല്‍വി വഴങ്ങിയ ശേഷം ഇന്റര്‍ മയാമിയുടെ ആദ്യ ജയമായിരുന്നു അത്. മത്സരത്തില്‍ മെസി ഇറങ്ങാതിരുന്നതോടെ ടിക്കറ്റിനു മുടക്കിയ തുക തിരിച്ച് നല്‍കണം എന്ന ആവശ്യവും ഹോങ്കോംഗ് ആരാധകര്‍ മുഴക്കി. മാത്രമല്ല ഇന്റര്‍ മയാമി ഉടമയായ ഇംഗ്ലീഷ് മുന്‍ താരം ഡേവിഡ് ബെക്കാമിനും മെസിക്കും കൂവല്‍ ലഭിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി നാലിനായിരുന്നു ഇന്റര്‍ മയാമിയും ഹോങ്കോംഗ് ഇലവനും തമ്മിലുള്ള മത്സരം നടന്നത്. അന്ന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതില്‍ അതിയായ വിഷമമുണ്ടെന്ന തുറന്നു പറച്ചിലുമായി ലയണല്‍ മെസി രംഗത്ത് എത്തി. മത്സരത്തിനു ശേഷം ആദ്യമായാണ് കളിക്കാന്‍ ഇറങ്ങാതിരുന്നതിനെക്കുറിച്ച് മെസി പ്രതികരിക്കുന്നത്. ‘എനിക്ക് ഹോങ്കോംഗിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, അത് ഒരു നാണക്കേടായാണ് എനിക്ക് തോന്നുന്നത്. കാരണം എനിക്ക് എല്ലായ്പ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. മൈതാനത്ത് ഇറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ മത്സരം കാണാന്‍ ആരാധകര്‍ അത്രമാത്രം ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍’ – ലയണല്‍ മെസി പറഞ്ഞു. പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഹോങ്കോങ് ഇലവനെതിരെ മെസി കളിക്കാതിരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ് സി, അല്‍ നസര്‍ എഫ് സി, ഹോങ്കോംഗ് ഇലവന്‍ എന്നീ ടീമുകള്‍ക്കെതിരെ ആയിരുന്നു ഏഷ്യന്‍ പര്യടത്തില്‍ ഇന്റര്‍ മയാമി ഇതുവരെ കളിച്ചത്. അതില്‍ അല്‍ ഹിലാല്‍ എഫ് സിയോട് 4 – 3 നു പരാജയപ്പെട്ട മത്സരത്തില്‍ മെസി പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ സ്വന്തമാക്കിയിരുന്നു. പോര്‍ച്ചുഗല്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ് സിക്ക് എതിരേ 83 -ാം മിനിറ്റില്‍ മാത്രമാണ് മെസി കളത്തില്‍ എത്തിയത്. പരിക്കിനെ തുടര്‍ന്ന് റൊണാള്‍ഡോയും അന്ന് കളത്തില്‍ ഇറങ്ങിയിരുന്നില്ല. മെസിയുടെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ബോയ്സിന് എതിരെയും ഇനി ഇന്റര്‍ മയാമി കളിക്കുന്നുണ്ട്. ഫെബ്രുവരി 16 നാണ് ഈ മത്സരം.