തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി യുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെ.എസ്.ആര്‍.ടി.സിയാണ് ഈ നിര്‍ദേശം ആദ്യം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്.
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തു മ്പോൾ തിരക്കില്ലാതെ വാങ്ങാം.