തിരുവനന്തപുരം : ഈ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടഞ്ഞു കിടക്കും. ഏപ്രില്‍ ഒന്നിന് സ്വഭാവികമായി മദ്യ വില്‍പ്പന ശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി ആയതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് ഏഴു മണിയോടെ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കും. അതിനുശേഷം വോട്ടെടുപ്പിന്റെ പിറ്റേ ദിവസമായിരിക്കും തുറക്കുക.
കണ്ണൂര്‍ ജില്ലയിലേക്ക് അനധികൃത മദ്യമൊഴുകുന്നത് തടയാന്‍ എക്‌സൈസ് സംഘം വലവിരിച്ച് കഴിഞ്ഞു. അവധി മുന്നില്‍ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വെച്ചാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിവീഴും. ഒരാള്‍ക്ക് കൈവശം സൂക്ഷിക്കുവാന്‍ അനുവാദമുള്ള 3 ലിറ്ററില്‍ കൂടുതല്‍ മദ്യം വില്‍പ്പനശാലകളില്‍ നിന്നും ലഭിക്കില്ല. ജില്ലയുടെ പുറത്തുനിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാനായി മാഹി അതിര്‍ത്തിയില്‍ കര്‍ശനമായ പെട്രോളിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഊടു വഴിയിലൂടെയുള്ള പരിശോധനയ്കായി ടൂവീലര്‍ പെട്രോളിംഗും രംഗത്തുണ്ട്. ജില്ലയിലെ സ്ട്രൈക്കിംഗ് ഫോഴ്സും ഷാഡോ പോലീസും രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വയനാട്ടില്‍ ചുരം പെട്രോളിംഗും കര്‍ശനമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ ജില്ലയില്‍ കര്‍ശന നിരീക്ഷണമാണ് ഉണ്ടായിരുന്നത് . മദ്യം വില്‍ക്കുന്ന പൊതു സ്ഥാപനങ്ങളിലും റോഡുകളിലും എക്സെെസിന്റെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. 3 സ്ട്രൈക്കിംഗ് ഫോഴ്സും 4 കണ്‍ട്രോള്‍ റൂമും, നാല് ബോര്‍ഡര്‍ പെട്രോളിംഗും ഒരു ഹൈവേ പെട്രോളിംഗുമാണ് ജില്ലയിലുള്ളത്.