കൊച്ചി : രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ കേരളത്തിനു നല്‍കി ടാറ്റ മേട്ടോഴ്‌സ് . ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമായുള്ള രണ്ട് ബസുകളാണ് കേരളത്തിന് ലഭിച്ചത്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. കൊച്ചിയിലെ എല്‍എന്‍ജി പെട്രോനെറ്റ് ലിമിറ്റഡിനാണ് വാഹനം കൈമാറിയത്. എല്‍എന്‍ജി ബസ് കൈമാറ്റ ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാണ് ഇത്തരം വാഹനം. ഇന്ധന വിലവര്‍ദ്ധന തന്നെയാണ് ഇത്തരത്തിലുള്ള വാഹനം നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ പ്രേരിപ്പിച്ചതും. വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്നതും സൗകര്യപ്രദവുമായ ബഹുജന ഗതാഗതം നല്‍കിക്കൊണ്ട് സ്റ്റാര്‍ബസ് എല്‍എന്‍ജി ഒരമൂല്യ നേട്ടം വാഗ്ദാനം ചെയ്യുന്നുവെന്നും ബസുകളുടെ ഓര്‍ഡര്‍ വിതരണം പൂര്‍ത്തിയാക്കിയതായും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത പരിശ്രമത്തിലാണ് വാഹനം വികസിപ്പിച്ചെടുത്തത്. ടാറ്റ മോട്ടോഴ്സ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച സ്റ്റാര്‍ബസ് എല്‍എന്‍ജി ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്ത സംയോജിത എല്‍എന്‍ജി സംവിധാനമുള്ള ആദ്യത്തെ യാത്രാ വാഹനമാണ്.