കൊച്ചി : മധ്യതിരുവിതാംകൂറിലെ പ്രമുഖ ഫിനാന്‍സ് കമ്പനി മുക്കുപണ്ടം ഈടായി നല്‍കി ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തതായി സൂചന. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശിയാണ് ഇക്കാര്യം സംശയിക്കുന്നതായി പറഞ്ഞത്. 2007 മുതല്‍ 2023 വരെയുള്ള കാലത്ത് മാത്രം ഇരുപതിനായിരം കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്ന് ഈ സ്ഥാപനം വായ്പ എടുത്തിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ ഉടമതന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. വായ്പകള്‍ എല്ലാം കൃത്യമായി അടക്കുന്നതിനാല്‍ ബാങ്കുകള്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാറില്ല.
ഏറ്റവും ഒടുവില്‍ ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ കോട്ടയം ശാഖയില്‍ നിന്നും 1200 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. NBFC യുടെ ബ്രാഞ്ചുകളില്‍ സൂക്ഷിച്ചിട്ടുള്ള പണയ സ്വര്‍ണ്ണമാണ് ബാങ്കിന് ഈടായി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഈ പണയ സ്വര്‍ണ്ണങ്ങളില്‍ ഏറിയ പങ്കും മുക്കുപണ്ടങ്ങളാണ്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിക്കാം. ഫിനാന്‍സ് കമ്പനി ഉടമ തയ്യാറാക്കി നല്‍കിയ കണക്കുകളും റിപ്പോര്‍ട്ടുകളും മുഖവിലക്ക് എടുത്തുകൊണ്ടാണ് ബാങ്ക് വായ്പ നല്‍കുന്നത്. ബാങ്കുകള്‍ ഫിനാന്‍സ് കമ്പനിയുടെ ബ്രാഞ്ചുകളിലെ പണയ സ്വര്‍ണ്ണം പരിശോധിച്ചിട്ടില്ല എന്നാണ് വിവരം. ഈടായി നല്‍കിയ സ്വര്‍ണ്ണം പരിശോധിക്കുവാന്‍ ബാങ്കുകള്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന പലകാര്യങ്ങളും പുറത്തുവരും.
കഴിഞ്ഞ കുറെ നാളുകളായി എന്‍.സി.ഡി (NCD)യിലൂടെ കാര്യമായ നിക്ഷേപം ഈ ഫിനാന്‍സ് കമ്പനിക്ക് ലഭിക്കുന്നില്ല. ഇതുമൂലം കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ സ്ഥാപനം ഏറെ ബുദ്ധിമുട്ടുകയാണ്. ആയിരത്തോളം ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടുപോകാന്‍ മാത്രം പ്രതിമാസം കുറഞ്ഞത് 10 കോടി രൂപ വേണം. നിക്ഷേപങ്ങളുടെ പലിശ നല്‍കാനും കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങള്‍ മടക്കിനല്കുവാനും നൂറുകണക്കിന് കോടികള്‍ വേറെയും വേണം. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും വന്‍ തുക വായ്പ എടുത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്.
നിരന്തരം NCD കള്‍ ഇറക്കുന്നുണ്ടെങ്കിലും ഇതിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തികയുന്നില്ല. പുതിയ നിക്ഷേപകര്‍ മടിച്ചുനിന്നാല്‍ തകര്‍ന്നുവീഴുന്ന ഒരു ചീട്ടു കൊട്ടാരമാണ് ഈ സ്ഥാപനം. കമ്പനിയുടെ ഇപ്പോഴത്തെ പോക്കില്‍ ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ഹെഡ് ഓഫീസിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം രഹസ്യമായി പങ്കുവെക്കുന്നുമുണ്ട്. പ്രതിസന്ധിയുണ്ടാക്കി സ്ഥാപനം പൂട്ടാനുള്ള ഉടമയുടെ മുന്നൊരുക്കമാണോ ഇതെന്നും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് കൂടിയ നിരക്കില്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്തിട്ടും നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുവാന്‍ ജീവനക്കാര്‍ തീരെ താല്‍പ്പര്യം കാണിക്കുന്നില്ല. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]