പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുകൾക്കു വേണ്ടിയുള്ള ചൂടേറിയ ചർച്ചകൾക്കാണ് ജില്ല ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൻ്റെ കാര്യത്തിൽ ഇടതു മുന്നണിയില്‍ ഏകദേശ ധാരണയായി എന്ന വാർത്തകൾ പുറത്തു വരുന്നത്. ഘടക കക്ഷികളുമായി ഇടതു മുന്നണി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് ഏകദേശ ധാരണയായിരിക്കുന്നത്.
എന്നാൽ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനവും പ്രഖ്യാപനവും എല്‍.ഡി.എഫ്. യോഗത്തിന് ശേഷമേ ഉണ്ടാകു. യു ഡി എഫിൽ നിന്നും ഇടതുമുന്നണിയിലേക്കെത്തിയ ജോസ് കെ. മാണി പക്ഷത്തിന് രണ്ടു സീറ്റുകള്‍ വിട്ടു നൽകാനാണ് തീരുമാനം. എന്നാൽ ഇടതു മുന്നണിയുടെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത് എന്‍.സി.പി ക്കാണ്. എൻസിപി ക്ക് നിലവിലുണ്ടായിരുന്ന സീറ്റായിരിക്കും നഷ്‌ടമാകുന്നത്.
സി.പി.ഐ.എം- പത്ത് സി.പി.ഐ-മൂന്ന്, ജോസ് കെ. മാണി-രണ്ട്, ജനതാദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം സംബന്ധിച്ച് നടന്ന ചർച്ചയിൽ അംഗീകാരമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം- പത്ത് സി.പി.ഐ-മൂന്ന്, രണ്ടു കൂട്ടര്‍ക്കും പൊതുവായി ഒരാള്‍ എന്നിങ്ങനെയായിരുന്നു മത്സരം. രണ്ടു കൂട്ടര്‍ക്കുമായുള്ള സ്‌ഥാനാര്‍ഥി മത്സരിച്ചത് മലയാലപ്പുഴയായിരുന്നു. ജോസ് കെ. മാണി പക്ഷത്തിനുള്ള രണ്ട് സീറ്റുകളില്‍ ഒന്നാണിത്. എന്‍.സി.പിക്ക് കൊടുത്തിരുന്ന സീറ്റ് കൂടി മാണിക്ക് നല്‍കും.
ഈ സീറ്റ് വിഭജനം കൊണ്ട് മാണി പക്ഷത്തെ പ്രീതിപ്പെടുത്താൻ ഇടതുമുന്നണിക്ക് സാധിക്കും എന്നു തന്നെ പറയാം. യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ മാണി പക്ഷം രണ്ടു സീറ്റിലാണ് മത്സരിച്ചത്. അത് തന്നെയാണ് എല്‍.ഡി.എഫിലും അവര്‍ ആവശ്യപ്പെട്ടത്. ഏതൊക്കെ ഡിവിഷനില്‍ ആരൊക്കെ മത്സരിക്കണമെന്ന് ഇടതു മുന്നണി തീരുമാനിക്കും. ഇതിനായി ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ തന്നെ നടക്കും.
സംവരണ ഡിവിഷനുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ അതിന് അനുസരിച്ചാകും ഘടക കക്ഷിക്കള്‍ക്ക് സീറ്റ് നല്‍കുക. ജില്ലാ പ്രസിഡൻ്റ് സ്ഥാനം ജനറൽ ആകുമെന്ന പ്രതീക്ഷയിൽ സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉൾപ്പടെ മത്സര രംഗത്തിറങ്ങുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്.