പത്തനംതിട്ട: നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലൂടെ മേലനങ്ങാതെ വോട്ടുനേടി വിജയിക്കാം എന്ന സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും മോഹങ്ങള്‍ക്ക് തിരിച്ചടി. വോട്ടെടുപ്പിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ എല്ലാവര്‍ക്കും വീടുകള്‍ കയറിയെ പറ്റൂ എന്ന അവസ്ഥയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഫേസ്ബുക്ക് തുറന്നാൽ സ്ഥാനാർഥികളുടെ ചിരിക്കുന്ന പടവും ഗ്രാഫിക് പ്രസൻറഷനും തുടങ്ങി ബഹളമയമായിരുന്നു. ഇപ്പോൾ പലരും ഇതൊന്നും ശ്രദ്ധിക്കാൻ താൽപര്യം കാണിക്കാതായി. മിക്കവരും സ്ഥാനാർഥികളുടെ പോസ്റ്റ് ഹൈഡ് ചെയ്തുതുടങ്ങി. തുടക്കത്തിലെ തോന്നിയ കൗതുകം ഇപ്പോൾ ഇല്ലായെന്നു വ്യക്തം.
സ്ഥാനാർഥികളും അവരോടൊപ്പം ബന്ധപ്പെട്ട് നിൽക്കുന്നവരും ലൈക്ക് അടിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ വേഗത്തിൽ സ്ക്രോൾ ചെയ്ത് മാറ്റും. യുവാക്കളും വനിതകളും കൂടുതലായി മത്സരരംഗത്തേക്ക് എത്തിയപ്പോൾ പോസ്റ്ററുകൾ ഷെയർ ചെയ്ത് പഞ്ചായത്ത് മാറി വോട്ട് ചെയ്യാമോയെന്ന് ചോദിച്ചവരൊക്കെ ഇതൊന്നു നിർത്താമോ എന്നായി ഇപ്പോൾ ചോദ്യം. എല്ലാ മുന്നണികൾക്കും വാർഡുകൾതോറും നിലവിൽ സോഷ്യൽ മീഡിയ കോഓഡിനേറ്റർമാരുണ്ട്. ഇവർ പഞ്ചായത്തും വാർഡും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്യുമ്പോൾ തന്നെ ലൈക്കും ഷെയറും നിരവധിയായിരുന്നു. ഇപ്പോൾ സ്ഥിതി മാറിയെന്നും കോഓഡിനേറ്റർമാർ സമ്മതിക്കുന്നുണ്ട്.
ഓരോ പ്രദേശത്തും വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ട്. മെസേജുകൾ നിരവധി എത്തുന്നത് അരോചകമായതോടെ ഇതിൽനിന്ന് പലരും ലെഫ്റ്റ് ആയി തുടങ്ങി. ചിലർ ഗ്രൂപ്പുകൾ ബ്ലോക്ക് ചെയ്തു. യുവാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും പ്രായമായവർ ഇതൊന്നും ഗൗനിക്കുന്നതേയില്ല. ഈ സാഹചര്യത്തിൽ വീട്ടിലെത്തി തന്നെ സ്ഥാനാർഥികൾ വോട്ട് തേടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ അത്ര ആവേശവും മിക്ക സ്ഥലത്തും കാണാനില്ല എന്നതും മുന്നണികളെയും സ്ഥാനാര്‍ഥികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.