തിരുവനന്തപുരം: പ്രാദേശിക തലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പിന്റെ നിർദേശം. ആറാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സർക്കുലർ തകൈമാറി. തദ്ദേശസ്ഥാപനങ്ങൾ പരമാവധി സംഭാവനകൾ സ്വീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ നിർദ്ദേശം. തദ്ദേശ സ്ഥാപന മേധാവികൾക്കും സെക്രട്ടറിമാർക്കുമാണ് സർക്കുലർ കൈമാറിയത്. ഭൂമിയും പണവും പരമാവധി സംഭാവനയായി വാങ്ങാം എന്നാണ് സർക്കുലറിലെ നിർദേശം. കിട്ടിയ സംഭാവന ഓരോ വർഷവും വിലയിരുത്തണമെന്നും സർക്കുലർ നിർദേശിക്കുന്നു.
ഭരണകാലയളവിൽ സംഭാവനകൾ സമാഹരിക്കുന്നതിന് പദ്ധതികൾക്ക് രൂപം നൽകണമെന്നും സർക്കുലറിൽ പറയുന്നു. സംഭാവനകൾ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങൾ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും, സ്‌പോൺസർഷിപ്പ് പ്രോത്സാഹിപ്പിക്കണമെന്നും സർക്കുലറിൽ വിശദീകരിക്കുന്നു. പരാതികൾ ഒഴിവാക്കാൻ കൃത്യമായ രസീത് നൽകാനും ഒരു പ്രത്യേക ആവശ്യത്തിന് സമാഹരിച്ച സംഭാവന അതേ ആവശ്യത്തിന് മാത്രമായി വിനിയോഗിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. തദ്ദേശ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ സംഭാവനകളിലൂടെ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.