പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. കാട്ടാനകൾ ഇറങ്ങിയത് വനംവകുപ്പിനെ കൃത്യമായി വിവരം അറിയിച്ചിരുന്നുവെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഗോകുൽദാസ് പറഞ്ഞു. വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി. ഇന്ന് രാത്രി ഏഴു മണിയോടെയാണ് 23കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. അമ്മയെ രക്ഷിക്കുന്നതിനിടെ അലന് ആനയുടെ കുത്തേൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
നെഞ്ചിൽ കുത്തേറ്റ അലൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാട്ടാന ആക്രമണത്തിൽ മാതാവ് വിജിക്കും ഗുരുതരമായി പരുക്കേറ്റു. വിജിയെ പാലക്കാട് ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. വിജിയെയാണ് ആദ്യം കാട്ടാന ആക്രമിച്ചത്. ഇത് കണ്ട് അലൻ ഓടിയെത്തിയപ്പോഴേക്കും അലന് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.