പത്തനംതിട്ട : കുമ്പഴ മലയാലപ്പുഴ റോഡിൽ കണികുന്നിൽ വളവിനു സമീപം മാലിന്യം തള്ളുന്നത് പതിവായി. ഈ ഭാഗത്ത് കഴിഞ്ഞദിവസം അഴുകിയ കോഴിയിറച്ചി കവറുകളിലാക്കി കൊണ്ടിട്ടിരുന്നു. കക്കൂസ് മാലിന്യം തള്ളുന്നതും ഇവിടെ പതിവാണ്.
കഴിഞ്ഞദിവസം ഇവിടെ തള്ളിയ മാലിന്യം വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജെറി അലക്സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാലിന്യ നിക്ഷേപം പതിവായതോടെ വാർഡ് കൗൺസിറിന്റെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. രാത്രിയിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യ നിക്ഷേപം നടത്തുന്നത്.