റാന്നി: ആഞ്ഞിലിമുക്ക് കൊച്ചുകുളം റോഡ് തകർച്ചയിൽ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. ടാറിംങ് ഇളകി റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത് ശക്തമായ മഴയിൽ ആഞ്ഞിലിമുക്ക് ജംഗ്‌ഷനിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായി. രണ്ടു വർഷത്തോളമായി റോഡിലെ ടാറിങ് പൂർണ്ണമായും ഒലിച്ചുപോയ അവസ്ഥയിലാണ്. അധികൃതർ തിരിഞ്ഞു നോക്കാതായതോടെ നാട്ടുകാർ ഇറങ്ങി മണ്ണ് വെട്ടിയിട്ട് വാഹനങ്ങൾ പോകുന്നരീതിയിൽ റോഡ് നന്നാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മഴയിൽ ഇവ പൂർണ്ണമായും ഒലിച്ചു പോകുകയായിരുന്നു. റോഡ് തകർന്ന കാരണത്താൽ ഓട്ടോ ഉൾപ്പടെയുള്ള വാഹനങ്ങൾപോലും ഇതുവഴി വരാൻ മടിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ ചാടി മറിഞ്ഞു വീഴുന്ന കാഴ്ചയും പതിവാണ്. മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ആളുകൾ ആശ്രയിക്കുന്നത് കൂടുതലായും ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങളെയാണ്. കൃത്യമായ ഓട സംവിധാനം ഇല്ലാത്തതു മൂലമാണ് ഇത്തരത്തിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതും റോഡ് തകരുന്നതും. മലയോര ദേശമായ കൊച്ചുകുളത്തേക്കുള്ള പ്രധാന പാതകളിലാണ് ഇത്തരത്തിൽ അപകടാവസ്ഥയിലായിരിക്കുന്നത്. അടിയന്തരമായി ആഞ്ഞിലിമുക്ക് കൊച്ചുകുളം റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലാത്തപക്ഷം കുടിവെള്ളത്തിനായി പഞ്ചായത്ത് ഉപരോധിച്ചപോലെ വൻ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.