റാന്നി: റാന്നി പഴയ പാലം പൊളിച്ചു നീക്കാതെ തുടരുന്നത് പുതിയ പാലത്തിന് ഭീഷണിയാവുമെന്ന ആശങ്കയുമായി നാട്ടുകാര്‍. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ റാന്നി പാലവും ചര്‍ച്ചയായതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. ഇരുപത്തിയെട്ടു വര്‍ഷം മുമ്പ് തകര്‍ന്നു വീണ പാലത്തിന്‍റെ ബാക്കി ഭാഗം നദിയില്‍ ഇരു കരകളിലുമായി അവശേഷിക്കുകയാണ്. ഇരു കരകളിലെ അബട്ട് മെന്‍റും നദിയിലെ നാലു തൂണുകളും സ്ലാബുകളുമാണ് അവശേഷിക്കുന്നത്. അബട്ട് മെന്‍റിന്‍റെ അവശേഷിച്ച ഭാഗങ്ങള്‍ കാടു വളര്‍ന്ന് നില്‍ക്കുകയാണ്. ബലക്ഷയം നേരിടുന്ന പാലത്തില്‍ വെള്ളത്തിലൂടെ ഒഴുകിവരുന്ന തടികളും മറ്റും ഇടിക്കുമ്പോള്‍ തകര്‍ച്ചക്കിടയാക്കും. അങ്ങനെ വന്നാല്‍ അത് നിലവിലെ പാലത്തിന് ഭീക്ഷണിയാകും.
പാലം ചരിയുകയോ മറിഞ്ഞു വീഴുകയോ ചെയ്താല്‍ അത് നിലവിലെ പാലത്തില്‍ തട്ടാന്‍ ഇടയാവും. അത് ഒഴിവാക്കാന്‍ പഴയ പാലം പൊളിച്ചു നീക്കുകയാണ് വേണ്ടത്. പഴയ പാലത്തിന്‍റെ നടുവിലെ ഭാഗമാണ് ഒടിഞ്ഞ് നദിയില്‍ പതിച്ചത്. ഈ ഭാഗത്തു കൂടിയാണ് നദിയുടെ ഒഴുക്കുള്ളതും. അബട്ട്മെന്‍റുകളുടെ ഇരുഭാഗവും കാടുകള്‍ വളര്‍ന്ന് കുട്ടിവനം പോലെയാണ് നില്‍ക്കുകയാണ്. പഴയ പാലം നിലനിര്‍ത്തി ടൂറിസം പദ്ധതികള്‍ ഒരുക്കുവാന്‍ വേണ്ടി ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ആലോചനകള്‍ക്ക് അപ്പുറം ഒന്നും നടക്കാത്തതിനാല്‍ പാലം കാടുകള്‍ മൂടുകയായിരുന്നു. ഇപ്പോള്‍ പഴവങ്ങാടി പഞ്ചായത്ത് മാമുക്ക് കരയോടു ചേര്‍ന്ന് വഴിയിടം വിശ്രമ കേന്ദ്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പാലത്തിനോടു ചേര്‍ന്നുള്ള വശത്തെ കുഴിയുടെ സമീപം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. പെരുമ്പുഴ കരയോടു ചേര്‍ന്ന ഭാഗം വെറുതെ കിടക്കുകയാണ്.