കോന്നി : തണ്ണിത്തോട് കല്ലാറ്റിൽ കുട്ടിയാനയോടൊപ്പം അവശനിലയിൽ കണ്ടെത്തിയ പിടിയാനയെ വനം വകുപ്പ് അധികൃതർ വേണ്ട രീതിയിൽ ചികിൽസിക്കാൻ ശ്രമിച്ചില്ലെന്ന് നാട്ടുകാരുടെ പരാതി. മൂന്ന് ദിവസമായി പ്രദേശത്ത് അവശനിലയിൽ തുടരുന്ന കാട്ടാനയെ ചികിൽസിക്കാൻ ഡോക്ടർമാരുടെ സംഘം എത്തിയിട്ടും ആനയെ ചികിൽസിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളത്തിൽ നിൽക്കുന്നതിനാൽ ആനയെ മയക്കുവെടി വെക്കുവാനോ ചികിൽസിക്കുവാനോ കഴിയില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ആന കരയിൽ കയറിയിട്ടും ചികിൽസിക്കാൻ കഴിഞ്ഞില്ല.
ആന ആറ്റിലൂടെ നടന്ന് ഇലവുങ്കൽ തോടിന് സമീപം എത്തിയിട്ടും ആനയെ ചികിൽസിക്കാനുള്ള നടപടികൾ ചെയ്തില്ല. മാത്രമല്ല ആനയെ ചികിൽസിക്കാൻ എത്തിയ ഡോക്ടറ്റർമാരുടെ സംഘം ആദ്യ ദിവസം വന്നു കണ്ടതിന് ശേഷം തിരികെ മടങ്ങിയിട്ട് പിന്നീട് ഇതിനെ തിരിഞ്ഞു നോക്കിയില്ല എന്നും ആക്ഷേപമുണ്ട്. ആറ്റിൽ ഇറങ്ങി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് വന്ന ആനയെ പടക്കം പൊട്ടിച്ച് കാട് കയറ്റി വിടാൻ ഉള്ള ശ്രമങ്ങൾ മാത്രമാണ് നടന്നത്. മാത്രമല്ല ആന പൂർണ്ണ ആരോഗ്യ വതിയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. പിടിയാന ചരിഞ്ഞതിന് ശേഷം കൂടെ ഉണ്ടായിരുന്ന കുട്ടിയാനക്ക് എന്ത് സംഭവിച്ചു എന്നതിന് മറുപടി നൽകുവാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആന വെള്ളത്തിൽ നിന്ന് കയറാതെ മണിക്കൂറുകളോളം ആറ്റിൽ നിലയുറപ്പിച്ചിട്ടും ആനക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ പോലും ഉദ്യോഗസ്ഥർക്കോ ഡോക്ടർമാർക്കോ കഴിയാഞ്ഞത് ഗുരുതര വീഴ്ചയായി നാട്ടുകാർ ചൂണ്ടികാട്ടുന്നു.