കാസർകോട് : പൊതുജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൌണിലും നിരത്തിലറങ്ങി ജനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനാവശ്യമായി നിരത്തിലിറങ്ങിയ ഇത്തരം ആളുകളെ പോലീസ് തുരത്തിയോടിച്ചു. അവശ്യവസ്തുകൾക്കും സേവനങ്ങൾക്കുമായി റോഡിലിറങ്ങിയവരെ പോലീസ് ഇന്നു തടഞ്ഞില്ലെങ്കിലും അനാവശ്യമായി റോഡിലിക്ക് ഇറങ്ങിയ നൂറുകണക്കിനാളുകൾ ഇന്ന് പോലീസിന് വല്ലാത്ത ശല്യമാണ് സൃഷ്ടിച്ചത്.
കണ്ണൂരിൽ ലോക്ക് ഡൌണ് ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. സമ്പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യം കർശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും യാത്രക്കാർക്കെതിരെ പെറ്റികേസ് ചുമത്തി പോലീസ് വാഹനത്തിൽ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൌണ് മറികടന്ന് തുറന്ന് പ്രവർത്തിച്ച കണ്ണൂരിലെ ഹീറോ പ്ലൈവുഡ് ഫാക്ടറിയും കൊല്ലത്തെ ഒരു കശുവണ്ടി ഫാക്ടറിയും പോലീസ് അടപ്പിച്ചു. കോഴിക്കോട് പന്തീരാങ്കാവിൽ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളും ആയി എത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഗോവയിൽ നിന്നും കോയമ്പത്തൂരിലേക്കാണ് തൊഴിലാളികളെ കൊണ്ടു പോയത് എന്നാണ് വിവരം. മെഡിക്കൽ സംഘം എത്തി മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
തിരുവനന്തപരും തമ്പാനൂരിൽ രാവിലെ ഓഫീസ് സമയത്ത് ഓട്ടോകളിൽ തിരക്കേറിയത് ആശങ്ക സൃഷ്ടിച്ചു. ജോലിക്കായി എത്തിയ സർക്കാർ ഉദ്യോഗസ്ഥരും മറ്റു കൂട്ടത്തോടെ ഓട്ടോയിൽ കേറി സഞ്ചരിച്ചതാണ് ആശങ്ക സൃഷ്ടിച്ചത്. അതേസമയം മറ്റു പല ജില്ലകളിലും ഓട്ടോകൾ ഓടാൻ സമ്മതിച്ചിട്ടില്ല. ലോക്ക് ഡൌണിന്റെ ആദ്യദിനമായത്തിനാൽ ഇതേക്കുറിച്ച് വ്യക്തമായ ധാരണ പൊതുജനങ്ങൾക്കോ അധികൃതർക്കോ ഇല്ല. മുഖ്യമന്ത്രി വിശദീകരിച്ചതും ചീഫ് സെക്രട്ടറി പറഞ്ഞതുമായ ലോക്ക് ഡൌണ് നിർദേശങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായതും കല്ലുകടിയായിട്ടുണ്ട്.